വയനാട്: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതാക്കൾക്കും നേരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎഎ കുറിച്ച് സംസാരിച്ചപ്പോൾ വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുൽ പരാതി പറയുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോൺഗ്രസ് പാർട്ടി സിഎഎ വിഷയത്തിൽ എന്തുകൊണ്ട് വാ തുറന്നില്ലെന്ന് വ്യക്തമാക്കണം. പ്രക്ഷോഭങ്ങൾ എന്തിന് കണ്ടില്ലെന്ന് നടിച്ചു ? സംഘപരിവാർ മനസുള്ളവർക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂവെന്നും പറഞ്ഞ പിണറായി വിജയൻ ഇവിടെ നിന്ന് ജയിച്ച് പോയ 18 എം പിമാരും കേരളത്തിന് ഒപ്പമോ രാഷ്ട്ര താൽപര്യത്തിന് ഒപ്പമോ നിന്നില്ലെന്നും കുറ്റപ്പെടുത്തി.
‘സിഎഎ പ്രക്ഷോഭത്തിൽ കോൺഗ്രസ് ഭാഗമായില്ല. പക്ഷേ, ഇടതുപക്ഷം സമരത്തിൽ സജീവ പങ്കാളിയായി. ഇപ്പോൾ ഇതിനെക്കുറിച്ച് പറയരുതെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതെങ്ങനെ ശരിയാകും. സിഎഎക്കെതിരെ കേരളത്തിൽ ഇടതുപക്ഷം വിവിധ സമരങ്ങൾ നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. സമരങ്ങളിൽ കേരളത്തിലെ കോൺഗ്രസ് ആദ്യം പങ്കെടുത്തു. പിന്നീട് പിൻമാറി. ഇത് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടായിരുന്നോ ? എന്താണ് ശബ്ദിക്കാൻ പ്രയാസം. സംഘപരിവാർ മനസ്സുള്ളവർക്ക് മാത്രമേ സിഎഎ അംഗീകരിക്കാൻ കഴിയുകയുളളു.
രാഹുൽ ഗാന്ധി നടത്തിയ യാത്രയിൽ സിഎഎ കുറിച്ച് ശബ്ദമില്ല. അതുകൊണ്ടാണ് പേരെടുത്ത് വിമർശിച്ചത്. നിങ്ങളെ വിമർശിച്ചതിൽ നിങ്ങൾക്ക് പ്രയാസമാണ്. നിങ്ങൾ കാണിച്ചതിൽ പ്രയാസമില്ലേ ? കോൺഗ്രസ് ബിജെപി കാണിച്ചതിൻ്റെ കൂടെ നിന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കുമ്പോൾ അത് എതിർക്കാത്ത കോൺഗ്രസ് എങ്ങനെയാണ് മതനിരപേക്ഷത സംരക്ഷിക്കുക. ഇവിടെ നിന്ന് ജയിച്ച് പോയ 18 എം പിമാരും കേരളത്തിന് ഒപ്പമോ രാഷ്ട്ര താൽപര്യത്തിന് ഒപ്പമോ നിന്നില്ല. നാട്ടിൽ നിന്ന് വോട്ടും വാങ്ങി ജയിച്ച് പോയി ആർഎസ്എസ് അജണ്ട ക്ക് ഒപ്പം നിൽക്കുക. അതാണ് 18 അംഗ സംഘം ചെയ്തതെന്നും’- പിണറായി വിമർശിച്ചു.
Post Your Comments