കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം നാലാം ദിവസവും മോര്‍ച്ചറിയില്‍ തന്നെ. ഉറ്റബന്ധുക്കള്‍ എത്താന്‍ വൈകുന്നതാണ് മൃതദേഹം ഇപ്പോഴും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തുടരാന്‍ കാരണം. എന്നാല്‍ സാമ്പത്തിക പരാതീനതകള്‍ മൂലം കുടുംബത്തിന് എത്താന്‍ സാധിക്കാതെ വന്നാല്‍ ഉപജീവനത്തിനെത്തിയ മണ്ണില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
ഈ മാസം അഞ്ചിനു രാത്രിയാണ് മൂവാറ്റുപുഴയിലെ വാളകത്ത് പെണ്‍സുഹൃത്തിനെ കാണാനെത്തിയ അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസിനെ നാട്ടുകാര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു കൊന്നത്. നെഞ്ചിലും കഴുത്തിലുമേറ്റ മര്‍ദ്ദനങ്ങളാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാട്ടുകാരായ 10 പേര്‍ സംഭവത്തില്‍ അറസ്റ്റിലായി.
അഞ്ചിനു രാത്രിയോടെ മര്‍ദനമേറ്റ അശോക് ദാസിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അന്നു മുതല്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണ്. മാതാപിതാക്കളും ഒരു സഹോദരിയുമാണ് ഇയാള്‍ക്കുള്ളത്. സഹോദരിയുടെ ഭര്‍ത്താവ് കൃഷ്ണദാസാണ് ഇപ്പോള്‍ മൃതദേഹത്തിന്റെ കാര്യത്തില്‍ അധികൃതരുമായി സംസാരിക്കുന്നത്. സഹോദരീ ഭര്‍ത്താവിന്റെ ബെംഗളുരുവിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് അശോക് ദാസ് കേരളത്തില്‍ ജോലിക്കെത്തിയത്. ബെംഗളുരുവില്‍ നിന്ന് ഈ സുഹൃത്തുക്കള്‍ മൂവാറ്റുപുഴയില്‍ എത്തിയെങ്കിലും ബന്ധുക്കള്‍ അല്ലാത്തതിനാല്‍ മൃതദേഹം കൈമാറാന്‍ നിയമം അനുവദിക്കുന്നില്ല.
അശോക് ദാസിന്റെ കുടുംബത്തിലുള്ളവര്‍ കേരളത്തിലെത്തുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പരാധീനതയാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. എങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്താന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട് എന്നാണു വിവരം. ബന്ധുക്കള്‍ കേരളത്തിലെത്തിയാല്‍ തന്നെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോകണമെങ്കില്‍ വലിയ ചെലവു വരും. ഇതു താങ്ങാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. അതുകൊണ്ടു തന്നെ അശോക് ദാസിന്റെ മൃതദേഹത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മൃതദേഹം അരുണാചലിലേക്കു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ ഉപജീവനം തേടി വന്ന മണ്ണില്‍ തന്നെ അശോക് ദാസിനെ സംസ്‌കരിക്കേണ്ടി വരുമെന്നാണ് ഇവരോടു ബന്ധപ്പെട്ടവര്‍ പറയുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇവര്‍ അധികൃതരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
വാളകത്തെ ഹോട്ടലില്‍ ചൈനീസ് കുക്കായി നേരത്തേ ജോലി ചെയ്തിരുന്ന അശോക് ദാസ് കൂടെ ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാന്‍ വാളകത്ത് എത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച അശോക് ദാസും പെണ്‍സുഹൃത്തിന്റെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അലമാരയില്‍ ഇടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞ കയ്യുമായി പുറത്തു വന്ന അശോക് ദാസിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം ഓടിച്ചിട്ടു പിടിച്ച് കെട്ടിയിടുകയായിരുന്നു. ഇതിനിടയില്‍ ഏറ്റ ക്രൂരമായ മര്‍ദ്ദനമാണു മരണത്തിനു കാരണമായത്.
Post Your Comments