കൊച്ചി: കേരളത്തിന് ഇന്റർനെറ്റ് സേവനം നൽകാൻ കെ-ഫോൺ പുതിയ ബിസിനസ് പങ്കാളിയെ തേടുന്നു. നിലവിലുള്ള ബിസിനസ് പങ്കാളിയായ കമ്പനി കരാറിൽനിന്നു പിന്മാറിയേക്കുമെന്ന ആശങ്ക ഉയർന്നതിനെത്തുടർന്നാണിത്. സംസ്ഥാനത്തെ 14,000 ബി.പി.എൽ. വീടുകളിൽ കണക്‌ഷൻ നൽകാനായിരുന്നു ഇവരുമായുള്ള കരാർ.
അയ്യായിരത്തോളം കണക്‌ഷനുകൾ മാത്രമാണ് ഇതുവരെ നൽകിയത്. തദ്ദേശവകുപ്പുവഴി ലഭ്യമാക്കിയ ഗുണഭോക്തൃപ്പട്ടിക കൃത്യമല്ലാത്തതിനാൽ കണക്‌ഷൻ നൽകാനാകുന്നില്ലെന്ന് ഇവർ അറിയിച്ചിരുന്നു. ഇരുപതുലക്ഷം ബി.പി.എൽ. വീടുകളിൽ സൗജന്യ കണക്‌ഷൻ എന്ന വാഗ്ദാനത്തോടെയാണു സർക്കാർ കെ-ഫോൺ പദ്ധതി കൊണ്ടുവന്നത്.
ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ നൂറുവീതം 14,000 കണക്‌ഷൻ നൽകുമെന്നു രണ്ടാം പിണറായിസർക്കാർ വാഗ്ദാനത്തിൽ ഭേദഗതി വരുത്തി. ഇതിനായി 2022 ഏപ്രിലിൽ കമ്പനിയെ തിരഞ്ഞെടുത്തു. പക്ഷേ, തദ്ദേശവകുപ്പ് നൽകുന്ന പട്ടികയിലെ ആളുകളെ കണ്ടെത്താനാകുന്നില്ല, കണ്ടെത്തിയവർക്ക് തിരിച്ചറിയൽ കാർഡില്ല തുടങ്ങിയവയാണ് പ്രശ്നമായി ഉന്നയിച്ചത്.
ഇതാണ് അടിയന്തരമായി പുതിയ ബിസിനസ് പങ്കാളിയെ തേടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഓൺലൈൻ ആയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി.പി.എൽ. കണക്‌ഷൻ നൽകുന്നതിനായി ഒരു കമ്പനിക്ക് കരാർ നൽകുന്നതിനുപകരം ഓരോ പ്രദേശത്തിനും പ്രത്യേകം ഏജൻസികളുമായി കരാറിൽ ഏർപ്പെടുന്നത് പരിശോധിക്കുമെന്നും സൂചനയുണ്ട്.
Post Your Comments