തിരുവനന്തപുരം: അരുണാചലില്‍ മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ മുഖ്യസൂത്രധാരനായി നിന്നത് നവീന്‍ ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയത് ഒരു വ്യാജ ഇമെയില്‍ ഐഡിയില്‍ നിന്നായിരുന്നു. ഡോണ്‍ ബോസ്‌ക്കോയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ ഇ-മെയില്‍ ഐഡികള്‍ക്ക് പിന്നില്‍ ആരെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
Read Also: കോട്ടയത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീണു
ആര്യക്ക് അടക്കം ലഭിച്ച ഈ വ്യാജ ഐഡിക്ക് പിന്നില്‍ ഒളിച്ചിരുന്നത് നവീനാണെന്ന സംശയവും ഉയരുന്നുണ്ട്. അതോ മറ്റൊരാളാണോ എന്നതും സംശയമാണ്. അതേസമയം ഡിജിറ്റല്‍ തെളിവുകള്‍ക്ക് ഇട നല്‍കാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീന്‍ ഓരോ നീക്കങ്ങളും നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ആര്യ സുഹൃത്തുക്കള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയില്‍ സന്ദേശമാണ് പൊലീസിന്റെ പിടിവള്ളി. ഈ സന്ദേശത്തില്‍ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോണ്‍ ബോസ്‌ക്കോയെന്ന വ്യാജ മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോര്‍വേഡ് ചെയ്യുകയാണ് ആര്യ ചെയ്തത്.
മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കള്‍ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നവീന്‍, ഭാര്യ ദേവി, സുഹൃത്തായ ആര്യ എന്നിവരാണ് മരിച്ചത്. പ്രത്യേക സ്ഥലത്ത് എത്തി ജീവിതം അവസാനിപ്പിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനര്‍ജന്മം ലഭിക്കുമെന്ന് അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദമ്പതിമാരും സുഹൃത്തായ യുവതിയും വിശ്വസിച്ചിരുന്നതായി പൊലീസിന്റെ അനുമാനം.
ഇതിനാവണം നവീനും ദേവിയും ആര്യയും അരുണാചല്‍ പ്രദേശിലെ സീറോ തിരഞ്ഞെടുത്തതെന്നും പൊലീസ് സംശയിക്കുന്നു. സീറോയുടെ ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ചും ഇവിടെ ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്നും സാമൂഹിക മാധ്യമഗ്രൂപ്പുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. മരിച്ച നവീനും ദേവിയും നേരത്തെ അരുണാചല്‍ സന്ദര്‍ശിച്ചിരുന്നു.
Post Your Comments