ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട് ചെയ്തിരുന്നത് ഇരുവരോടുമെന്നാണ് ഇഡിയുടെ ആരോപണം. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് മറുപടി നൽകും.
ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും ഇടപെട്ടത് മുഴുവൻ മറ്റ് മന്ത്രിമാരോടെന്നുമുള്ള കെജ്‌രിവാൾ ഇഡി കസ്റ്റഡിയിൽ നൽകിയെന്ന് പറയപ്പെടുന്ന മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്. ഇന്നലെ കോടതിയിലും ഇക്കാര്യം ഇഡി ഉന്നയിച്ചിരുന്നു. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉടൻ ഇഡി ചോദ്യംചെയ്യും.ഇഡി വിളിപ്പിച്ചാൽ സൗരഭ് ഭരദ്വാജും അതിഷിയും ഹാജരാകുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
അതിഷിയും സൗരഭ് ഭരദ്വാജും പോലുള്ള നേതാക്കൾ ചോദ്യമുനയിലേക്ക് വരുന്നത് കെജ്‌രിവാളിന്റെ അറസ്റ്റിനപ്പുറം കേസിൽ കൂടുതൽ തിരിച്ചടികൾ പാർട്ടിക്ക് പ്രതീക്ഷിക്കാത്ത വെള്ളിടിയാണ്. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് ദില്ലി ഹൈക്കോടതിയിൽ മറുപടി നൽകും. ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനിടെ, സ്ഫോടനാത്മകമായ വിവരങ്ങൾ ഇന്ന് 10 മണിക്ക് വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് മന്ത്രി അതിഷി മർലേന അറിയിച്ചു.
Post Your Comments