തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തതായി റിപ്പോർട്ടുണ്ട്. ‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം, കത്ത് എഴുതിയത് തങ്ങൾ തന്നെയാണെന്ന് ഉറപ്പിക്കുന്നതിനായി മൂവരും കത്തിനടിയിൽ പേരെഴുതി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നതാണ്.
മൂന്നുപേരുടെയും ശരീരത്തിൽ പ്രത്യേക തരത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകൾ വഴി രക്തം വാർന്നാണ് ഇവർ മരിച്ചതെന്നാണ് വിവരം. ആത്മഹത്യ ആണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പ് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യത്യസ്ത ഇടങ്ങളിൽ മൂവരുടെയും മൃതദേഹം കിടക്കാനുള്ള കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്ന് പിതാവ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിനിടയിലാണ് മൂവരുടെയും മൃതദേഹം പോലീസ് കണ്ടെത്തുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. പിതാവിന്റെ പരാതിയിൽ 27ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം പൊലീസ് മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരും ഒരേ വിമാനത്തിൽ ആസാം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് പോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ആസാം പൊലീസിന് കൈമാറുകയായിരുന്നു. ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഒരുമിച്ചാണ് മുറിയെടുത്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്.
Post Your Comments