കാസർഗോഡ്: മദ്രസാ അദ്ധ്യാപകൻ ആയിരുന്ന റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തള്ളി വിധി പകർപ്പ്. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ ആദ്യ ഘട്ടം മുതൽക്കേ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന് കോടതിയുടെ കണ്ടെത്തൽ.
പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ല. ഒന്നാം പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്ത സാമ്പിളുമായി ഡിഎൻഎ പരിശോധന നടത്തിയില്ലെന്നും കോടതി. വർഗീയസംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകമെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഷാജിത്താണ് ഹാജരായത്. പ്രതിഭാഗത്തിനായി ടി. സുനിൽകുമാർ, ബിനു എസ്. കുളമക്കാട് എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ വാദങ്ങൾ പാടെ തള്ളുകയാണ് വിചാരണ കോടതി. തുടക്കം മുതലേ അന്വേഷണ സംഘത്തിനും, പ്രോസിക്യൂഷനും പറ്റിയ വീഴ്ചകൾ ഓരോന്നും വിധി ന്യായത്തിൽ കോടതി എണ്ണിപറയുന്നു. പ്രതികൾക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രതികളുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്നതിലും വീഴ്ച പറ്റി.
നിലവാരമില്ലാത്തതും, ഏകപക്ഷീയവുമായ അന്വേഷണമാണ് കേസിൽ നടന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയുടെതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന മുണ്ട്, ഷർട്ട് എന്നിവ പ്രതിയുടെ ഡിഎൻഎ സാംപിളുമായി പരിശോധന നടത്തിയില്ലെന്നും കോടതി കണ്ടെത്തി. കേസിന്റെ തെളിവെടുപ്പ് സമയത്ത് പോലും വീഴ്ച ഉണ്ടായി. അതിനാൽ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതിയുടെ വിധി ന്യായത്തിലുണ്ട്.
Post Your Comments