തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വി മുരളീധരന്റെ പരാമർശങ്ങൾക്കാണ് മുഹമ്മദ് റിയാസ് മറുപടി നൽകിയത്. ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആക്കുകയല്ല വേണ്ടതെന്ന് വിമർശിച്ച അദ്ദേഹം, വിവിധ പദ്ധതികൾക്ക് കേരളം മുടക്കുന്ന പണം സംബന്ധിച്ച കണക്ക് തന്റെ കൈയിലുണ്ടെന്നും വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരുമെന്നും റിയാസ് വ്യക്തമാക്കി. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായത്. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ജനങ്ങളുടെ പണമാണത്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരിനുള്ള പ്രമോഷനാണെന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നുമായിരുന്നു വി മുരളീധരന്റെ പരാമർശം. കേന്ദ്ര പദ്ധതികൾക്ക് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നൽകുന്നതിന് റിയാസിന് മുരളീധരൻ നന്ദി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്.
വികസനപ്രവർത്തനങ്ങൾ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിതന്നെ പറഞ്ഞതാണ്. അതിനായി പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമ്പോൾ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഉത്തരവാദപ്പെട്ടവർ അള്ളുവയ്ക്കരുതെന്നും റിയാസ് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് ഒന്നുംചെയ്തില്ലെന്നാണ് ഇവിടെ ചിലർ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിതന്നെ പാർലമെന്റിൽ ഈ നുണപ്രചാരണം പൊളിച്ചു.
സംസ്ഥാന ചരിത്രത്തിലാദ്യമായി 25 ശതമാനം തുക ദേശീയപാത വികസനത്തിന് ചെലവിട്ടതായി മന്ത്രി പാർലമെന്റിൽ പറഞ്ഞു. ആ തീരുമാനമാണ് വികസനം യാഥാർഥ്യമാക്കിയത്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കൃത്യമായ സമയത്ത് ദേശീയപാത വികസനത്തിൽ മേൽനോട്ടം നടത്തിയെന്ന് ദേശീയ ദിനപത്രമായി ‘ദ ഹിന്ദു’ വലിയ വാർത്ത നൽകി. കർണാടകത്തിലടക്കം ഇത്തരം മേൽനോട്ടമില്ലാത്തതിനാൽ വികസനം ഇഴയുകയാണെന്ന് വാർത്തയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടൽ ഗുണകരമായെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments