പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതിനിടെ മരണപ്പെട്ട അനുജയുടെ സംസ്കാരം ഇന്നലെ നടന്നു. അനുജയുടെ നൂറനാട്ടെ വീട്ടിലാണ് സംസ്കാരം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. സംഭവം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനിടെയാണ് മരണം. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ സ്കൂളിൽ ജോലിക്കു പോയിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളിൽ അനുജ കായംകുളത്തേക്കു പോകും. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽനിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിച്ചതെന്നാണു വിവരം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണു സൂചന.
അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടിൽ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാർ പറയുന്നു. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. നാടിനെയാകെ ഞെട്ടിച്ച പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് അടൂർ പോലീസ്. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം. ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുമ്പോൾ ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
Post Your Comments