പത്തനംതിട്ട: പട്ടാഴിമുക്കിൽ അനുജയും ഹാഷിമും മരണപ്പെട്ട കാർ അപകടത്തിൽ നിർണ്ണായക കണ്ടെത്തലുമായി മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് കാരണം ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. കൂടാതെ കാർ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. പട്ടാഴിമുക്ക് അപകടത്തിൽ കൂടുതൽ വ്യക്തത വരുന്നതാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ ഈ നിര്‍ണായക കണ്ടെത്തല്‍.
read also: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്‍
മാർച്ച് 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനിയും അധ്യാപികയുമായ അനുജയും സുഹൃത്ത് ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും മരണപ്പെട്ടത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു.
അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ അമിത വേഗതയില്‍ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നല്‍കിയിരുന്നത്. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്
കാർ അമിത വേഗതയിലായിരുന്നുവെന്നും ഒരു സ്ഥലത്ത് പോലും ബ്രേക്ക് ചെയ്തിട്ടില്ലെന്നും കണ്ടെയ്നർ ലോറിയിലേക്ക് ഹാഷിം കാർ ഓടിച്ച് കയറ്റിയതാണെന്നും മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ തെളിഞ്ഞു. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഇടിയുടെ ആഘാതം കൂട്ടി. കാറിന് എയർ ബാഗുകളും ഇല്ലായിരുന്നു. മനപ്പൂർവം ഉണ്ടാക്കിയ അപകടം എന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിക്കുമ്പോൾ അതിന്‍റെ കാരണംകണ്ടെത്തിയിട്ടില്ല. അനുജയെ ഇല്ലാതാക്കി ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ചതാണോ? അല്ലെങ്കിൽ ഇത് ഒരു ആത്മഹത്യ ആണോ എന്നെല്ലാമുള്ള സംശയങ്ങൾക്ക് ഇത് വരെയും ഉത്തരം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അനുജയുടെയും ഹാഷിമിന്‍റെയും ഫോണുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments