കോട്ടയം: കോട്ടയം ജില്ലയിലെ തിരുവാതുക്കലിലെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ. വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇവയോടൊപ്പം ഒരു വലിയ മൂർഖനെയും പിടികൂടിയിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കിടയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന റെക്കോർഡ് പാമ്പ് പിടുത്തമാണ് ഇന്ന് കോട്ടയത്ത് നടന്നത്. വേളൂർ സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെയാണ് പാമ്പിന്റെ മുട്ടകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.
സ്നേക്ക് റെസ്ക്യൂ അംഗങ്ങളായ അഭിലാഷ്, പ്രശോഭ് എന്നിവരാണ് പാമ്പുകളെ പിടികൂടിയത്. ഇതിനിടയിൽ തിരുവാതുക്കൽ സ്വദേശി മുരുകന്റെ സ്കൂട്ടറിലും പാമ്പിൻ കുഞ്ഞ് കയറിയിരുന്നു. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്കാണ് മൂർഖൻ കുഞ്ഞ് കയറിയത്. തുടർന്ന് റെസ്ക്യൂ ടീം ഈ പാമ്പിനെയും പിടികൂടുകയായിരുന്നു. പാമ്പുകളെയെല്ലാം വനം വകുപ്പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മുൻപ് 2021-ലാണ് റെക്കോർഡ് പാമ്പ് പിടിത്തം നടന്നത്. അന്ന് മൂർഖൻ പാമ്പിന്റെ 45 മുട്ടകളാണ് കണ്ടെടുത്തത്.
Post Your Comments