Latest NewsIndiaNewsInternational

‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’: കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് യു.എൻ. ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതായി വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

കെജ്‌രിവാളിന്റെ അറസ്റ്റും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎന്‍ വക്താവ്‌ സ്റ്റെഫാൻ ദുജാറിക്.

‘ഇന്ത്യയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും’- ഡുജാറിക് പറഞ്ഞു.

വിഷയത്തിൽ യുഎസും ജർമ്മനിയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് യുഎസ് പ്രതികരിച്ചിരുന്നത്. ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ജർമ്മൻ സർക്കാർ വക്താവ് ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കെജ്രിവാൾ നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. അതേസമയം, പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലാതെ ആദായനികുതി വകുപ്പ് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ സീൽ ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button