‘നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്’: ആടുജീവിതം കാണാന്‍ വീട്ടില്‍ നിന്നും മറ്റാരും വന്നിട്ടില്ലെന്ന് നജീബ്

‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്‌ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും സിനിമ കാണാൻ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ മകന്റെ കുഞ്ഞ് മരിച്ചതിനാലാണ് ആരും തിയേറ്ററില്‍ സിനിമ കാണാന്‍ വരാതിരുന്നത്.

‘എന്റെ ജീവിതം തിയേറ്ററിലേക്ക് വരുവാണ്, വളരെ സന്തോഷമുണ്ട്. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ഇന്ന് പൃഥ്വിരാജ് എന്ന വലിയ നടനിലൂടെ സ്‌ക്രീനില്‍ കാണിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ നാട്ടുകാര്‍ക്കും എല്ലാവര്‍ക്കും ഭയങ്കര സന്തോഷമാണ്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ പടം കാണാനായിട്ട്. എല്ലാവരും വിളിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാം ഇന്ന് തന്നെ പോയി കാണും, ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയുന്നു. ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പിന്നെ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചു. ഇപ്പോ അവരുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വന്നതാണ്. ഇല്ലേല്‍ ഞാന്‍ വരത്തില്ലായിരുന്നു. ഞാന്‍ മാത്രമേ വന്നിട്ടുള്ളു, വീട്ടില്‍ നിന്നും വേറെ ആരും വന്നിട്ടില്ല. ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണം’, നജീബ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു. അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഒടുവിൽ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപോരിൽ ബി​ഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ആണ് നായകൻ.

Share
Leave a Comment