തിരുവനന്തപുരം: ഈസ്റ്ററും റംസാനും വിഷുവും ഇങ്ങെത്തിയതോടെ പ്രത്യേക ചന്തകൾക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ മാർച്ച് 28 മുതലാണ് ആരംഭിക്കുക. വിലക്കയറ്റത്തെ പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 83 താലൂക്കുകളിലും ചന്തകൾ ഉണ്ടായിരിക്കും. ഏപ്രിൽ 13 വരെയാണ് ഈ ചന്തകൾ പ്രവർത്തിക്കുക. 13 ഇനം സബ്സിഡി സാധനങ്ങൾ വിൽപ്പനയ്ക്ക് എത്തും.
സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ് സൂപ്പർമാർക്കറ്റ് ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതാണ്. ആഘോഷ വിപണി മുന്നിൽ കണ്ടതോടെ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1630 വിൽപ്പനശാലകളും വിലക്കയറ്റം പ്രതിരോധിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും. വിപണി ഇടപെടലിനായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ 200 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക ഉൾപ്പെടെ ഉപയോഗിച്ചാണ് ഇക്കുറി ചന്തകൾ സജ്ജമാക്കുക. ഇതിന് പുറമേ, ശബരി കെ റൈസ് വിതരണവും തുടരുന്നുണ്ട്.
Post Your Comments