പാലക്കാട് വിക്ടോറിയയിൽ എസ്എഫ്‌ഐക്കാർ ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ സരസു ടീച്ചർ ആലത്തൂരിൽ ബിജെപി സ്ഥാനാർഥി

തിരുവനന്തപുരം: ബിജെപി യുടെ സംസ്ഥാനത്തെ അവസാന സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെ ആലത്തൂരിലെ സ്ഥാനാർഥിയാണ് ശ്രദ്ധേയമാകുന്നത്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ ഡോ. ടി. എൻ സരസു ടീച്ചറാണ് ആലത്തൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.

വയനാട് പൂക്കോട് കാമ്പസിലെ സിദ്ധാർത്ഥന്റെ മരണത്തെത്തുടർന്ന് സംസ്ഥാനത്തെ കാമ്പസുകളിൽ എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങൾക്ക് എതിരെ വ്യാപകമായി ചർച്ച നടക്കുന്ന സമയത്താണ് അതെ സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രവർത്തിക്ക് ഇരയായ അധ്യാപികയെ ബിജെപിസ്ഥാനാർത്ഥിയാക്കുന്നത്. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്.

സരസു ടീച്ചര്‍ വിരമിച്ച വേളയില്‍ എസ്എഫ്ഐ പ്രവർത്തകർ കോളേജില്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വെച്ചിരുന്നു. ഇത് ഇടത് സംഘടനയിലെ അദ്ധ്യാപകര്‍ എസ്.എഫ്.ഐ പ്രവർത്തകരായ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചതാണെന്ന് ടീച്ചര്‍ ആരോപിച്ചിരുന്നു. 25 വർഷം അധ്യാപികയായി ജോലിശേഷം തിരികെ വിക്ടോറിയ കോളേജിലേക്ക് പ്രിൻസിപ്പാൾ ആയി എത്തിയ അവർ ഒരു വർഷത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച 2016 മാർച്ച് 31 നാണ് കോളേജ് കാമ്പസിൽ ചിതയൊരുക്കി യാത്രയപ്പ് നൽകിയത്.

കാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലനിന്ന നിരന്തര തർക്കമാണ് ഇതിലേക്ക് ഇടയാക്കിയത്.താന്‍ അദ്ധ്യാപക സംഘടനയ്ക്കോ കുട്ടികള്‍ക്കോ ഒരു ദോഷവും ചെയ്തിട്ടല്ലെന്നും മറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ താന്‍ കോളേജിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും അന്നൊന്നും എസ്.എഫ്.ഐ അതിന് കൂട്ട് നിന്നില്ലെന്നും ടീച്ചര്‍ വിമര്‍ശിച്ചിരുന്നു.

 

Share
Leave a Comment