മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവറും പാലക്കാട് സ്വദേശിയുമായ രാജേന്ദ്രനാണ് മരിച്ചത്. രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്ന് രാജേന്ദ്രനെ ഫയർഫോഴ്സ് പുറത്തെത്തിച്ചത്. രാജേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എതിർ ദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. തുടർന്ന് എടപ്പാൾ മേൽപ്പാലത്തിൽ വച്ചാണ് ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. വാഹനത്തിലെ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് എടപ്പാൾ മേൽപ്പാലത്തിനും സമീപപ്രദേശങ്ങളിലും വലിയ ഗതാഗതക്കാണ് അനുഭവപ്പെട്ടത്.
Post Your Comments