പേരാമ്പ്ര : അനു കൊലപാതകക്കേസ് പ്രതി കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ. മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. മുക്കത്ത് പീഡനത്തിനിരയായ സ്ത്രീ തന്നെ എന്തോ മണപ്പിച്ച് ബോധംകെടുത്തിയശേഷമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പോലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. പോലീസ് വീട്ടിൽ അന്വേഷിച്ചുചെന്ന ദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും ഭാര്യ നടത്തിയിരുന്നു. പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.
കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം വില്‍പ്പന നടത്താന്‍ മറ്റു ചിലരെ ഏല്‍പ്പിക്കുകയാണ് ഇയാള്‍ ചെയ്യാറുള്ളത്. മുക്കത്ത് കവര്‍ച്ച നടത്തിയപ്പോള്‍ വേങ്ങര സ്വദേശി ജമാലുദ്ദീനാണ് വില്‍പ്പന നടത്താന്‍ സഹായിച്ചത്. അനുവിന്റെ സ്വര്‍ണം കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കറാണ് വില്‍പ്പന നടത്തിയത്. ഇയാള്‍ മുജീബ് റഹ്‌മാന്റെ ഇക്കാര്യത്തിലെ സ്ഥിരംസഹായിയാണ്. മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച പതിവാക്കിയ ആളാണ് മുജീബ് റഹ്‌മാന്‍.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ ഓട്ടോയില്‍ കയറ്റി യാത്രാമധ്യേ ആക്രമിച്ച് അവശരാക്കി ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവര്‍ന്ന് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതുമൊക്കെയാണ് പ്രതിയുടെ സ്ഥിരംരീതികള്‍. പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോവുകയും ചെയ്യും. മോഷണത്തിന് ഇറങ്ങിയാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് വെക്കുകയെന്ന മുന്‍കരുതലും ഇയാള്‍ സ്വീകരിക്കാറുണ്ട്.
വാളൂരില്‍ കൊലപാതകം നടന്ന ദിവസം യാത്രചെയ്യുന്ന സമയത്തൊന്നും ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല. 20 വയസുള്ളപ്പോള്‍ മലപ്പുറം തിരൂരിലെ സ്വര്‍ണക്കടക്കാരനായ ഗണപതിയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടു പ്രതിയാണിയാള്‍. പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണീ കേസ്. പിന്നീടിങ്ങോട്ട് മോഷണം നടത്തിയാണ് ജീവിതം. പണംതീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
Post Your Comments