KeralaLatest NewsNews

തട്ടിപ്പ് ഇനി കൊറിയറിലുമെത്തും! ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പിന്നാലെ, മുന്നറിയിപ്പുമായി കേരള പോലീസ്

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം മുഴുവൻ വിവരങ്ങളും 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കേണ്ടതാണ്

തിരുവനന്തപുരം: പൊതുജനങ്ങളെ കെണിയിൽ അകപ്പെടുത്താൻ പുതിയ രീതിയുമായി തട്ടിപ്പ് സംഘങ്ങൾ. കൊറിയർ സർവീസിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കുറിച്ചാണ് കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണെന്ന് സ്വമേധയാ പരിചയപ്പെടുത്തിയ ശേഷമാണ് തട്ടിപ്പ് ആരംഭിക്കുക. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും, അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. കൂടാതെ, നിങ്ങളുടെ പേരിലുളള ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് മറ്റൊരാൾ കൊറിയർ ബുക്ക് ചെയ്തെന്ന തരത്തിലുള്ള തട്ടിപ്പ് കോളുകളും ലഭിച്ചേക്കാം. യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരം കോളുകൾ വ്യാജമാണെന്നും, അതിനാൽ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

നിങ്ങൾക്ക് ലഭിക്കുന്ന പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉള്ളതിനാൽ അക്കൗണ്ടിലെ പണം മുഴുവനും ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ പരിശോധനയ്ക്കായി മാറാൻ ആവശ്യപ്പെടും. പലപ്പോഴും മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നാണ് ഇത്തരം കാര്യങ്ങൾ ആവശ്യപ്പെടുക. പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള വീഡിയോ കോൾ മുഖാന്തരം പൊതുജനങ്ങളെ ബന്ധപ്പെടുകയില്ലെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം മുഴുവൻ വിവരങ്ങളും 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കേണ്ടതാണ്.

Also Read: തട്ടിപ്പ് ഇനി കൊറിയറിലുമെത്തും! ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പിന്നാലെ, മുന്നറിയിപ്പുമായി കേരള പോലീസ്

കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു.
തുടർന്ന് ഇവരിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button