തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. വിമത ശബ്ദങ്ങളെ ഒതുക്കുന്ന ഒരു പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാർഥനെ മൂന്ന് ദിവസം വിചാരണ ചെയ്തുകൊന്നു. എന്നിട്ടും കേരളത്തിലെ സാംസ്കാരിക നായകർ മൗനം പാലിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
വടക്കേ ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രതിഭ പോലും ഉരിയാടാൻ വൈകി. ഏതെങ്കിലും തരത്തിൽ ഉന്മൂലനം ചെയ്യും എന്ന് ഭയന്നാണ് ഇത്. സാംസ്കാരിക കേരളത്തിൽ നിലനിന്നിരുന്ന വിമർശനവും ആക്ഷേപ ഹാസ്യവുമെല്ലാം കേരളത്തിൽ ഇല്ലാതായി. കലോത്സവ ജഡ്ജിന്റെ മരണവും ഒരു തരത്തിൽ കൊലപാതകമാണ്. ഭയമാണ് കേരളത്തിന്റെ സാംസ്കാരിക ലോകം ഭരിക്കുന്നതെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി.
അനീതിക്കെതിരെ സംസാരിച്ചതിന് ഒതുക്കുകയും അവസരങ്ങൾ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടി അടഞ്ഞ അധ്യായമാണ്. ബിജെപി പോലും വിമർശിക്കുന്നവരെ ചർച്ചയ്ക്ക് ക്ഷണിച്ചത് കണ്ടിട്ടുണ്ട്. പക്ഷെ മാർക്സിസ്റ്റ് പാർട്ടി ഇത് അംഗീകരിക്കുന്നില്ലെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
Post Your Comments