സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കകല്യാൺ. ഇവരുടെ മകൾ സൗഭാഗ്യ വെങ്കിടേഷും റീൽസിലൂടെയും തന്റെ ഇൻസ്റ്റഗ്രാമിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ തന്റെ അമ്മയായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിച്ചരിക്കുകയാണ് സൗഭാഗ്യ.
വർഷങ്ങളായി അമ്മയുടെ ശബ്ദത്തിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ചെറുപ്പം മുതൽ ഡാൻസ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമോ അല്ലെങ്കിൽ ഗോയിറ്ററിന്റെ വളർച്ചയോ മറ്റോ ആവുമെന്നാണ് കരുതിയിരുന്നത്. ടെൻഷൻ വരുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായി പോകുമായിരുന്നു. പല ചികിത്സകളും നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ വർഷം തൈറോയിഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. എന്നാൽ, ഇപ്പോഴാണ് അമ്മയുടെ രോഗം എന്താണെന്ന് കണ്ടെത്തിയിരിക്കുന്നതെന്നും സൗഭാഗ്യ പറയുന്നു.
സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ് താരയുടേതെന്ന് സൗഭാഗ്യ വെളിപ്പെടുത്തുന്നു. തലച്ചോറിൽ നിന്നും വോക്കൽ കോഡിലേക്ക് നൽകുന്ന നിർദേശം അപ്‌നോർമൽ ആകുന്ന അവസ്ഥയാണിത്. മൂന്ന് സ്‌റ്റേജുകളാണ് ഈ രോഗത്തിനുള്ളത്. ഇതിൽ അഡക്ടർ എന്ന സ്‌റ്റേജിലാണ് താര ഇപ്പോൾ. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നതു പോലെയുള്ള വേദനയാണ് താര അനുഭവിക്കുന്നത്.
നേരത്തെ അമൃത ആശുപത്രിയിലും താരയ്ക്ക് ഇത് സംബന്ധമായ സർജറി നടത്തിയിരുന്നു. അതിനു ശേഷം ഭേദമായി വരികയായിരുന്നു ഇവർ. എന്താണ് ഈ രോഗം വരാനുള്ള കാരണമെന്ന് കണ്ടു പിടിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന് മരുന്നും ഇല്ല. ആകെയുള്ള ഒരു മാർഗം ബോട്ടോക്‌സ് ചികിത്സ മാത്രമായിരുന്നു. എന്നാൽ, ബോട്ടോക്‌സ് കഴിഞ്ഞാൽ, പൂർണ വിശ്രമം ആവശ്യമാണ്. താര കല്യാണിന്റെ ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് കഴിഞ്ഞ ഉടനെയായിരുന്നു അമ്മ സുബ്ബലക്ഷ്മിയുടെ മരണം. അതിനാൽ ശബ്ദത്തിന് കൃത്യമായ വിശ്രമം കൊടുക്കാൻ സാധിച്ചില്ല.
അമ്മമ്മയുടെ മരണം അറിഞ്ഞ് വരുന്നവരോട് സംസാരിക്കാതിരിക്കാൻ സാധിച്ചില്ല. സ്‌ട്രെയിൻ ചെയ്ത് സംസാരിച്ചതും സ്‌ട്രെസും കൂടിയായപ്പോൾ രോഗം കൂടുതൽ ശക്തിയോടെ തിരിച്ചു വന്നതായും സൗഭാഗ്യ പറയുന്നു.
പിന്നീടുള്ള വഴി സർജറി മാത്രമായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞു. ഒരു മണിക്കൂർ നീണ്ടു നിന്ന സർജറിയായിരുന്നു. മൂന്ന് ആഴ്ച്ച കൂടി കഴിഞ്ഞാൽ അമ്മയുടെ ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. തിരിച്ചു കിട്ടിയാലും വ്യത്യാസമുള്ള ശബ്ദമായിരിക്കും അമ്മയുടേത്. ഇനി ഉറക്കെ സംസാരിക്കാനോ പാട്ടുപാടാനോ സാധിക്കില്ല. കേരളത്തിൽ നിരവധി പേരിൽ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ജീവനു ഭീഷണിയുള്ളതല്ലെങ്കിലും ഇത് കുറച്ചു പെയിൻഫുൾ ആണ്. ഒരുപാട് സംസാരിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്തിരുന്ന ഒരാൾക്ക് പെട്ടെന്ന് അതിനൊന്നിനും കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറച്ച് വലുതാണെന്നും സൗഭാഗ്യ പറഞ്ഞു.
Post Your Comments