ന്യൂഡൽഹി: വരുമാന വർദ്ധനവിൽ ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ. ഒറ്റ വർഷം കൊണ്ട് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2023 മാർച്ച് 15 മുതൽ 2024 മാർച്ച് 15 വരെയുള്ള ഒരു വർഷത്തെ കാലഘട്ടത്തിൽ റെക്കോർഡ് വരുമാന വർദ്ധനവാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ഉണ്ടായിട്ടുള്ളത്. 17,000 കോടി രൂപയാണ് ഒറ്റ വർഷം കൊണ്ട് റെയിൽവേയ്ക്ക് അധിക വരുമാനമായി ലഭിച്ചത്. മുൻവർഷത്തേക്കാൾ 52 കോടി ആളുകളാണ് കൂടുതലായി റെയിൽവേയിൽ യാത്ര ചെയ്തത്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചരക്ക് നീക്കവും കഴിഞ്ഞവർഷം ആയിരുന്നു നടന്നത്. 1512 മെട്രിക് ടൺ ചരക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയിലൂടെ കടന്നുപോയത്. വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ അവതരിപ്പിച്ചതിലൂടെ കൂടുതൽ യാത്രക്കാർ ഗതാഗത മാർഗമായി റെയിൽവേ സ്വീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനം 2.40 ലക്ഷം കോടി രൂപയാണ്. മൊത്തം യാത്രക്കാരുടെ എണ്ണം 648 കോടി ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്ന കാര്യത്തിലും കഴിഞ്ഞവർഷം റെയിൽവേ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5100 കിലോമീറ്റർ പുതിയ ട്രാക്കുകളാണ് റെയിൽവേ സ്ഥാപിച്ചിട്ടുള്ളത്.
Post Your Comments