പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നെല്ലിയാമ്പതിയിലെ എവിറ്റി ഫാക്ടറിക്ക് സമീപമാണ് ചില്ലിക്കൊമ്പൻ എത്തിയത്. തുടർന്ന് പ്രദേശത്തെ ലൈറ്റുകൾ ആന തകർത്തിരുന്നു.
നാട്ടുകാർ ബഹളം വച്ചതോടെയാണ് ചില്ലിക്കൊമ്പൻ ജനവാസ മേഖലയിൽ നിന്നും തിരിച്ചുപോയത്. നാട്ടുകാരാണ് ആനയ്ക്ക് ചില്ലിക്കൊമ്പൻ എന്ന പേര് നൽകിയത്. ചില്ലിക്കൊമ്പൻ ഇടയ്ക്കിടെ ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. എന്നാൽ, നാട്ടുകാർക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. സാധാരണയായി ചക്കയുടെയും മാങ്ങയുടെയും സീസൺ തുടങ്ങുമ്പോഴാണ് ചില്ലിക്കൊമ്പൻ പ്രദേശത്ത് എത്താറുള്ളത്.
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട് ആക്രമിച്ചിരുന്നു. 301 കോളനിയിലെ വീടാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. വീട്ടിൽ ആൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കൂടാതെ, കഴിഞ്ഞ ദിവസം പന്നിയാറിലെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ അരി ഭക്ഷിച്ചിരുന്നു.
Post Your Comments