തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ കോഴ ആരോപണം നേരിട്ട വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഷാജിയുടെ വീട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ സന്ദർശിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐയാണെന്ന് കെ സുധാകരൻ പറഞ്ഞു. ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരാതി എസ്എഫ്‌ഐ ഉണ്ടാക്കിയതാണ്. അധ്യാപകനെ തല്ലി, അപമാനിച്ചു. അപമാനം സഹിക്കവയ്യാതെയാവാം ആത്മഹത്യ ചെയ്തത്. ഇതൊരു കിരാതമായ കൊലപാതകമാണെന്നും ആ രീതിയിൽ തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലോത്സവം അലങ്കോലമാക്കിയത് എസ്എഫ്‌ഐ ആണെന്നാണ് കെഎസ്‌യുവും എബിവിപിയും ആരോപിക്കുന്നത്. ഇതിന്റെ ബലിയാടാണ് ഷാജിയെന്നും സംഘടനകൾ പറയുന്നു. മാർ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്‌ഐ നടത്തിയ നാടകമാണ് കോഴ ആരോപണമെന്നാണ് ഉയരുന്ന വിമർശനം. തങ്ങളെ ബലിയാടാക്കിയതാണെന്ന് വിധികർത്താക്കളും വെളിപ്പെടുത്തുന്നു.
കണ്ണൂർ താഴെചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ പി എൻ ഷാജിയാണ് ജീവനൊടുക്കിയത്.
Post Your Comments