തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 21 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിലായി. അടുക്കള ഉപകരണങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു.
ഓട്‌സ് നിറച്ച ടിൻ, പച്ചക്കറി അരിയുന്നതിനുള്ള കത്തികൾ, ഗ്ലാസുകൾ തുടങ്ങിയവയിൽ ഉൾപ്പടെയാണ് ഇയാൾ സ്വർണ്ണം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 324.14 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആറ് യാത്രക്കാരിൽ നിന്ന് 25 ലക്ഷം വിലവരുന്ന വിദേശ നിർമിത സിഗരറ്റുകളും പിടിച്ചെടുത്തു. ചെക്ക് ഇൻ ബാഗുകളിലായി എത്തിച്ച 1,48,230 സിഗരറ്റുകളാണ് പിടികൂടിയത്
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. ഹെയർബാൻഡ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ ആയിഷയാണ് അറസ്റ്റിലായത്. 885 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തുവെന്ന് അധികൃതർ അറിയിച്ചു.
യുവതി സ്വർണം കൊണ്ടുപോയത് ക്വാലാലംപൂരിൽ നിന്നാണ്. സിൽവർ നിറം പൂശിയ നിറത്തിൽ 43 ഗ്രാം സ്വർണ്ണത്തിന്റെ കമ്മലും കീ ചെയിനും ഇവരിൽ നിന്നും പിടിച്ചെടുത്തു. അതേസമയം, ബഹ്‌റൈനിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണ്ണവും പിടികൂടി. സോക്‌സിലും മറ്റും പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
Post Your Comments