പറവൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലത്തിൽ ഒരു സ്വകാര്യ ചാനല്‍ നടത്തിയ രാഷ്ട്രീയ സംവാദ പരിപാടിയിൽ സംഘർഷം. പറവൂർ മുനിസിപ്പല്‍ പഴയ പാർക്കില്‍ സംഘടിപ്പിച്ച ചർച്ചയ്ക്കിടെയാണ് സംഘർഷമുണ്ടായത്. കൈയ്യേറ്റത്തില്‍ പരിക്കേറ്റ രണ്ട് യു.ഡി.എഫ്. പ്രവർത്തകരെയും രണ്ട് എല്‍.ഡി.എഫ്. പ്രവർത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് ചാനല്‍ ചർച്ച സംഘടിപ്പിച്ചത്. ഇത് ലൈവായി സംപ്രേഷണം നടക്കുകയായിരുന്നു. യു.ഡി.എഫിനു വേണ്ടി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും എല്‍.ഡി.എഫിനു വേണ്ടി സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എൻ. ഗോപിനാഥും എൻ.ഡി.എയ്ക്കു വേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജുവും പങ്കെടുത്ത ചാനൽ ചർച്ചയിൽ എല്‍.ഡി.എഫിന്റെ പ്രതിനിധി കെ.എൻ. ഗോപിനാഥ് മറുപടി പറയവേ കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലർ ചോദ്യങ്ങൾ ഉന്നയിച്ചു. ഇത് തടയാൻ എല്‍.ഡി.എഫ്. പ്രവർത്തകർ എത്തിയതോടെ ഉന്തും തള്ളുമുണ്ടായി. ചാനല്‍ ചർച്ച ഒരു മണിക്കൂർ പൂർത്തിയാക്കിയതിന് പിന്നാലെ സംഘർഷം റോഡിലേയ്ക്ക് മാറി. നേതാക്കള്‍ ഇടപെട്ട് സംഘർഷത്തിന് അയവ് വരുത്തിയെങ്കിലും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ കോണ്‍ഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം.
Leave a Comment