KeralaLatest NewsNews

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിജയന്റെ മൃതദേഹം മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയില്‍: ഭീകര ദൃശ്യം

കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ തറ പൊളിച്ച് നടത്തിയ പരിശോധനയില്‍ പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തി. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

Read Also: വന്യമൃഗശല്യം തടയൽ: അന്തർ സംസ്ഥാന കരാറിൽ ഒപ്പുവെച്ച് കേരളവും കർണാടകയും

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്ന് തെളിയിക്കുന്നതാണ് തെളിവുകള്‍. ഒന്നര ദിവസം കൊണ്ട് നിര്‍മിച്ചതാണ് മൃതദേഹം കുഴിച്ചിട്ട കുഴിയെന്നാണ് വിവരം. ആ സമയമത്രയും മൃതദേഹം മുറിയില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, മൂന്നടി വ്യാസമുള്ള കുഴിയില്‍ നാലടി താഴ്ചയിലായി മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പായ്ക്ക് ചെയ്ത നിലയിലാണ് കുഴിച്ചിട്ടതെന്ന് കഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് അറിയിച്ചു. അസ്ഥികൂടവും മുടിയും മാത്രമാണ് അവശിഷ്ടങ്ങളിലുള്ളതെന്നും മൃതദേഹവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റുമെന്നും അറിയിച്ചു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ വിജയന്റേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്.

മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇടുക്കി എസ്.പി ടി.കെ. വിഷ്ണുപ്രദീപ് സ്ഥിരീകരിച്ചു. ചുറ്റിക കൊണ്ട് തലക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി.

കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ കുഴിച്ചിട്ടതായാണ് പ്രതി നിതീഷിന്റെ മൊഴി. ഇതനുസരിച്ചാണ് വീട്ടിലെ മുറിയില്‍ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തിയത്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

അതേസമയം, കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരെ പ്രതി ചേര്‍ത്തു. നിതീഷാണ് കേസിലെ മുഖ്യ പ്രതി. മോഷണക്കേസിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. 2023 ല്‍ കക്കാട്ടുകടയിലെ വീട്ടില്‍ വെച്ച് നിതീഷ് വിജയനെ കൊലപ്പെടുത്തി. ഇത് സുമയുടെയും വിഷ്ണുവിന്റെയും ഒത്താശയോടെയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

2016ല്‍ കട്ടപ്പനയിലെ വീട്ടില്‍ വെച്ച് നവജാത ശിശുവിനെയും കൊലപ്പെടുത്തി. നിതീഷും, വിജയനും വിഷ്ണുവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പൊലീസിന്റെ എഫ്.ഐ.ആറിലുണ്ട്. ആഭിചാര ക്രിയകള്‍ നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും അതിനെ സാധൂകരിക്കും വിധമാണ് വീട്ടിലെ ജീവിത സാഹചര്യങ്ങള്‍.

കക്കാട്ടുകടയിലെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് പരിസരവാസികള്‍ക്കും വലിയ ധാരണയില്ല. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button