തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ഡൽഹിയിലുള്ള പത്മജ വേണുഗോപാൽ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി.
ന്യൂസ് 18 ആണ് ഇന്നലെ ഉച്ചയോടെ ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പത്മജയുമായി ബന്ധപ്പെട്ടപ്പോൾ സാധ്യത തള്ളിക്കളയുന്നില്ലെന്നും കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു പ്രതികരണം. പിന്നാലെ വാർത്ത നിഷേധിച്ച് പത്മജ ഫേസ്ബുക്കിൽ പോസ്റ്റിട്ടെങ്കിലും പിന്നീട് അത് പിൻവലിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, കേരളത്തിലെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പത്മജയുടെ തീരുമാനം.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെയാണ് ലീഡറുടെ മകളും ബിജെപിയിലെത്തുന്നത്. പത്തനംതിട്ടയിലെ പാർട്ടി സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ ബിജെപി പ്രഖ്യാപിച്ചിരുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ട്രോളുകൾ സജീവമാണ്. ബിജെപിയിൽ ഇനി ആന്റണി ഗ്രൂപ്പും കരുണാകരൻ ഗ്രൂപ്പും ഉണ്ടാവുമോ എന്നാണ് ചിലരുടെ ചോദ്യം.
Post Your Comments