തൃശൂര്‍: ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി പത്മജ വേണുഗോപാല്‍. കെ മുരളീധരനും കെ കരുണാകരനും എല്‍ഡിഎഫുമായി കൈകൊടുത്തപ്പോള്‍ താന്‍ എതിര്‍ത്തില്ല. പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോള്‍ ഈ വെപ്രാളമെന്ന് പത്മജ ചോദിച്ചു. രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്. പത്തിരുപത് വര്‍ഷം മുരളീധരനില്‍ നിന്ന് അടി കൊണ്ടപ്പോള്‍ ആരും തന്നെ പിന്തുണച്ചില്ല. അച്ഛന്‍ ഏറ്റവും എതിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണ്. ബിജെപിയില്‍ ചേരാന്‍ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
Read Also:പരീക്ഷാ സമ്മർദ്ദം താങ്ങാനായില്ല, പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
അതേസമയം, പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ‘ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേ’, മുരളീധരന്‍ ചോദിച്ചു.
‘അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അച്ഛന്റെ ശവകുടീരത്തില്‍ സംഘികളെ നിരങ്ങാനനുവദിക്കില്ല. പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. പാര്‍ട്ടിയെ ചതിച്ചത് സഹോദരിയാണെങ്കിലും ഒത്തുതീര്‍പ്പില്ല. പത്മജ മത്സരിച്ചാല്‍ നോട്ടയ്ക്കാണോ ബിജെപിക്കാണോ വോട്ട് കിട്ടുക എന്ന് കാണാം’, മുരളീധരന്‍ പരിഹസിച്ചു.
Post Your Comments