സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് തൃക്കാക്കര എം എൽ എ ഉമ തോമസ്. ആൾക്കൂട്ട വിചാരണ നടത്തി കേട്ട് കേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ നല്കി, മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെയാണ് ഒരു സഹപാഠിയെ കൊല ചെയ്തിരിക്കുന്നത്. ഭീകര കൃത്യം ചെയ്യുന്ന മനുഷ്യമൃഗങ്ങളായി എസ്.എഫ്.ഐ മാറിയെന്ന് ഉമാ തോമസ് വിമർശിച്ചു. ലോകത്ത് ഒരു അമ്മയും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകാതിരിക്കട്ടെ. സിദ്ധാർഥിന്റെ അച്ഛന്റെയും, അമ്മയുടെയും കരച്ചിൽ എന്റെ ഹൃദയത്തിൽ ആണ് പതിയുന്നത്. സിദ്ധാർത്ഥിന്റെ വീട്ടിൽ കുടുംബങ്ങളെ സന്ദർശിച്ച ശേഷം ഉമതോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പു വായിക്കാം:
ഒരു അമ്മ എന്ന നിലയിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ആ വീട്ടിലേക്ക് കടന്നു ചെന്നത്. ഇതു എഴുതുമ്പോൾ പോലും സിദ്ധാർഥിന്റെ അച്ഛന്റെയും, അമ്മയുടെയും കരച്ചിൽ എന്റെ ഹൃദയത്തിൽ ആണ് പതിയുന്നത്.
പൊന്നു മോൻ നഷ്ടപെടുന്ന വേദനയ്ക്ക് മുമ്പിൽ എന്റെ പ്രണാമം. ലോകത്ത് ഒരു അമ്മയും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകാതിരിക്കട്ടെ… കാലവും സമൂഹവും അതിന് കാവലിരിക്കട്ടെ.ആൾക്കൂട്ട വിചാരണ നടത്തി കേട്ട് കേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ നല്കി, മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെയാണ് ഒരു സഹപാഠിയെ കൊല ചെയ്തിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. തങ്ങളുടെ വിദ്യാർത്ഥി സംഘടനയുടെ ക്യാമ്പസിലെ നേതൃസ്ഥാനത്തിരിക്കുന്നവർ എന്ത് കൊണ്ട് ഇത്തരമൊരു ഭീകര കൃത്യം ചെയ്യുന്ന മനുഷ്യമൃഗങ്ങളായി മാറി എന്ന് ആദ്യമായും അവസാനമായും വിലയിരുത്തേണ്ടത് എസ്. എഫ്.ഐ തന്നെയാണ്. ഒരു ക്യാമ്പസ്സിൽ മാത്രം നടപടികൾ എടുത്തത് കൊണ്ടായില്ല, അത്തരമൊരു മാനസിക ക്രൂരതയിലേക്ക് തങ്ങളുടെ സംഘടനയിലെ കുട്ടികൾ എത്തുന്നതിന്റെ കാരണങ്ങൾ കൂടി പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയ ന്യായങ്ങൾ കൊണ്ട് ഓട്ടയടക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല എന്ന് ചുരുക്കം.
മറ്റൊരു കാര്യം പറയാനുള്ളത് നൂറ്റിമുപ്പതോളം കുട്ടികളുടെ മുന്നിൽ വെച്ചാണ് ഹോസ്റ്റലിൽ നഗ്നനാക്കി പീഡിപ്പിച്ചത് എന്നറിയുന്നു. എന്നിട്ട് അതിലൊരാൾ പോലും ആ ദൃശ്യമൊന്ന് പകർത്തുകയോ പുറത്തെത്തിക്കുകയോ ചെയ്തില്ല. പേടിച്ചാണെന്ന് വെച്ചാലും അനോണിമസായി ഇതൊക്ക പുറത്തെത്തിക്കാൻ ഈ സോഷ്യൽ മീഡിയ കാലത്ത് എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്?.
കൂടെ പഠിക്കുന്ന സഹപാഠികൾ തങ്ങളുടെ കൂട്ടത്തിലെ ഒരാളെ അതിക്രൂരമായി മർദ്ദിക്കുന്നത് നേരിൽ കണ്ടിട്ട് ആ വിവരം പുറത്തെത്തിക്കാതെ ആ രാത്രി അവർക്കൊക്കെയും എങ്ങിനെ ഉറങ്ങാൻ സാധിച്ചു?സിദ്ധാർഥിന് നീതി ലഭിക്കാൻ ഏതറ്റം വരെയും നീളുന്ന പോരാട്ടത്തിന് കോൺഗ്രസ് പ്രസ്ഥാനം നടത്തുന്ന പോരാട്ടത്തിനൊപ്പം ഞാനും ഉണ്ടാകും..
Post Your Comments