Latest NewsKerala

പുലർച്ചെ ഒന്നേമുക്കാല്‍ മണി വരെ മർദനം, സിദ്ധാർത്ഥനോട് ചെയ്ത ക്രൂരത വർണ്ണിക്കാനാവാത്തത്- റിമാൻഡ് റിപ്പോർട്ട്

റിമാൻഡ് റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥൻ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്പോർട്സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒൻപതുമണിയോടെ സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാൻ ബിനോയിയും അല്‍ത്താഫും ചേർന്നാണ് സിദ്ധാർത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.

കുന്നിന് സമീപത്ത് വെച്ച്‌ സഹപാഠിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ മർദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മർദനവും നീണ്ടതായി റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെത്തിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യലും മർദനവും തുടർന്നു. ഇവിടെവെച്ച്‌ ഗ്ലൂഗണ്‍ വയർ ഉപയോഗിച്ച്‌ സിൻജോ ജോണ്‍സണ്‍ നിരവധി തവണ സിദ്ധാർത്ഥനെ അടിച്ചു.

തുടർന്ന് സിദ്ധാർത്ഥന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി മർദിച്ചു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തില്‍ സിദ്ധാർത്ഥനെ എത്തിച്ചു. പുലർച്ചെ ഒന്നേമുക്കാല്‍ മണി വരെ മർദനം നീണ്ടു. മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തട്ടിവിളിച്ച്‌ മർദിക്കുന്നത് കാണാൻ വിളിച്ചു. ഏറ്റവും സീനിയറായ വിദ്യാർത്ഥി കട എന്ന അഖില്‍ പുലർച്ചെ എത്തിയപിന്നാലെ സിദ്ധാർത്ഥനെ ഒറ്റയടി അടിച്ചു. തുടർന്ന് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും സഹപാഠികളോട് സിദ്ധാർത്ഥനെ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ക്രൂരമായ വേട്ടയാടലില്‍ മനംനൊന്താണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button