തിരുവനന്തപുരം: കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതില്‍ വ്യത്യസ്ത നിലപാട് എടുക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ്.
‘പൂക്കോട് സംഭവം ഞെട്ടിക്കുന്നതാണ്. അതിനോട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഈ പ്രവണത എസ്എഫ്ഐ കാരണമാണെന്ന് തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്’, മന്ത്രി ചൂണ്ടിക്കാട്ടി.
‘ഇടുക്കിയില്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ ഈ നിലപാടല്ല ചിലര്‍ എടുത്തത്. എസ്എഫ്ഐയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകരെ ആട്ടിയോടിക്കാന്‍ പൊതുബോധം സൃഷ്ടിച്ചെടുക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഗുണം കിട്ടുമോ എന്നാണ് നോക്കുന്നത്’, അദ്ദേഹം ആരോപിച്ചു.
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്കി. മര്‍ദ്ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments