KeralaLatest News

മരണത്തിൽ പങ്കില്ലെന്ന് വാദം, പ്രതികള്‍ക്കൊപ്പം സിപിഎം നേതാവ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍, പോലീസുമായി തര്‍ക്കം

കല്പറ്റ : വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ചകേസിലെ പ്രതികളെ ഹാജരാക്കുമ്പോള്‍ ജില്ലയിലെ ഉന്നത സി.പി.എം. നേതാവും ഇവര്‍ക്കൊപ്പം മജിസ്ട്രേറ്റിന്റെ വസതിയിലെത്തി. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെ ബുധനാഴ്ച രാത്രി കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം.

വെള്ളിയാഴ്ചയാണ് ഇക്കാര്യം പുറത്തറിയുന്നത്. മജിസ്ട്രേറ്റ് നില്‍ക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ശ്രമിച്ച അദ്ദേഹത്തെ കോടതിജീവനക്കാര്‍ തടഞ്ഞതോടെ അവരുമായി വാക്തര്‍ക്കമായി. നിങ്ങള്‍ ആരാണ് തടയാന്‍ എന്നാണ് ചോദിച്ചത്. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടെങ്കിലും അവരെയും വകവെക്കാതെ അദ്ദേഹം മജിസ്‌ട്രേറ്റ് നില്‍ക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം.  ആറുപ്രതികളെയും അറസ്റ്റുചെയ്തിട്ട് ഒരുദിവസമായി. ഇപ്പോഴാണ് ഹാജരാക്കുന്നതെന്ന് പറഞ്ഞപ്പോള്‍ പുറത്തുനില്‍ക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു. ആവശ്യമെങ്കില്‍ വിളിക്കാമെന്നും പറഞ്ഞു. കോടതിനടപടികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ കല്പറ്റ ഡിവൈ.എസ്.പി. സജീവനുമായി പിന്നീട് കയര്‍ത്ത് സംസാരിച്ചു.

നിങ്ങളല്ലേ എസ്.എഫ്.ഐ.ക്കെതിരേ ചാനലില്‍ സംസാരിച്ചതെന്ന് അദ്ദേഹം ഡിവൈ.എസ്.പി.യോട് ചോദിച്ചു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഡിവൈ.എസ്.പി. വിശദീകരിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. എസ്.എഫ്.ഐ. നേതാക്കളും കോളേജ് യൂണിയന്‍ പ്രസിഡന്റുമുള്‍പ്പെടെയുള്ളവര്‍ കേസിലെ പ്രതികളാണ്. പ്രതികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് ആരോപണമുള്ള സാഹചര്യത്തിലാണ് പ്രതികളെ ഹാജരാക്കുന്നസമയത്ത് അദ്ദേഹം കോടതിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button