തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നിൽ ഡി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. ‘എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക’ എന്നായിരുന്നു ഫ്ലെക്സ് ബോർഡിലുണ്ടായിരുന്നത്. എന്നാൽ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്നാണ് ബോർഡ് അഴിച്ച് മാറ്റിയത്. പിന്നാലെ, എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു രംഗത്തെത്തി. ‘എസ്എഫ്ഐ കൊന്നതാണ്’ എന്നെഴുതിയ ബോർഡാണ് കെഎസ്യു സ്ഥാപിച്ചത്.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി.
സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിലായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നാണ് സിൻജോ ജോൺസൺ പിടിയിലായത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകായിരുന്നു. മർദ്ദന വിവരം പുറത്തു പറയാതിരിക്കാൻ മറ്റു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് സിൻജോ ജോൺസണാണ്. സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചുവെന്നും കണ്ടെത്തിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്.
കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
Leave a Comment