ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന, തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. ഇയാൾ സ്ഫോടനം നടന്ന ഹോട്ടലിലെ സമീപത്തെ ബസ്റ്റോപ്പിൽ നിന്ന് നടന്നുവരുന്ന ദൃശ്യവും പോലീസിനെ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഐഎയും രഹസ്യന്വേഷണ വിഭാഗവും അന്വേഷണം ഊർജ്ജിതമാക്കി.
തൊപ്പി വെച്ച് മുഖം മറയ്ക്കാൻ ശ്രമിച്ച ഒരാൾ കഫേയിലേക്ക് കയറുന്ന ദൃശ്യങ്ങൾ ഇന്നലെ തന്നെ പോലീസിന് ലഭിച്ചിരുന്നു. ബില്ലിംഗ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാൾ ഭക്ഷണം കഴിക്കാതെ അവ മേശപ്പുറത്ത് തന്നെ വെച്ച ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് അവിടെ ഉപേക്ഷിക്കുകയായിരുന്നു. ശേഷം ഹോട്ടലിൽ നിന്നും മടങ്ങി. ഇയാൾ ഹോട്ടലിൽ നിന്നിറങ്ങി അൽപ സമയത്തിനു ശേഷമാണ് സ്ഫോടനം നടന്നത്.
സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലായിരുന്നു. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു ബോംബ്. ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചതെന്ന് ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷമേ വ്യക്തമാകൂ. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതാണ്. ഇതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.
Post Your Comments