Latest NewsKeralaIndia

കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം, അടിച്ചു കൊന്നത് കാമുകനും അമ്മായി അച്ഛനും ചേർന്ന്

11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും.

മൂന്നുമാസം മുമ്പാണ് ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞും തിരൂരിലെത്തുന്നത്. ആദ്യ ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് ശ്രീപ്രിയ കാമുകൻ ജയസൂര്യനൊപ്പം വരികയായിരുന്നു. മലപ്പുറം തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശിനി ശ്രീപ്രിയയും കാമുകൻ ജയസൂര്യനും ബന്ധുക്കളും ചേർന്ന് ശ്രീപ്രിയയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ കൊന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ, തന്നെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭർത്താവും അച്ഛനും ചേർന്നാണ് കുഞ്ഞിനെ അടിച്ചു കൊന്നതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തിരൂരിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായി കൊന്നു ബാഗിലാക്കി തൃശൂർ റെയിൽ വേ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചു. എല്ലാം ഭദ്രമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹോട്ടലിൽ വച്ച് ശ്രീപ്രിയയെ അവരുടെ സഹോദരിയുടെ ഭർത്താവ് കാണുന്നത്.

ശ്രീപ്രിയയുടെ സഹോദരി പുത്തനത്താണിയിലായിരുന്നു താമസം. ആക്രിക്കച്ചവടമായിരുന്നു ഇവർക്ക് തൊഴിൽ. നാടുവിട്ട ശ്രീപ്രിയയെ കണ്ടെത്തിയതോടെ സഹോദരിയും ഭർത്താവും കാര്യങ്ങൾ തിരക്കി. കുഞ്ഞെവിടെയെന്ന് ആരാഞ്ഞു.പരസ്പര വിരുദ്ധമായ മറുപടികൾ ശ്രീപ്രിയ നൽകിയതോടെ വാക്കേറ്റവും വഴക്കുമായി. തുടർന്ന് സംശയം തോന്നി നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം തൃശൂരിൽ ഉപേക്ഷിച്ചതായും പ്രതികൾ സമ്മതിച്ചു. പ്രതികൾ നൽകിയ വിവരമനുസരിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെ അഴുക്കുചാലിൽ നടത്തിയ തിരച്ചിലിൽ പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോയി. രണ്ടുവർഷം മുമ്പായിരുന്നു ശ്രീപ്രിയയും മണികണ്ഠനും തമ്മിലുള്ള വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button