ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പ് വഴി കർഷകന് നഷ്ടമായത് 22,000 രൂപ. കുറഞ്ഞ വിലയിൽ പശുക്കളെ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് കർഷകൻ സെബർ തട്ടിപ്പിൽപ്പെട്ടത്. ഗുരുഗ്രാമിലെ പന്തളയിൽ നിന്നുള്ള 50 -കാരനായ ക്ഷീരകർഷകനാണ് തട്ടിപ്പിന് ഇരയായത്. ജനുവരി 19, 20 തീയതികളിൽ നാല് ഗഡുക്കളായി 22,000 രൂപയാണ് അദ്ദേഹത്തിൽ നിന്നും നഷ്ടമായത്. 95,000 രൂപയ്ക്ക് നാല് പശുക്കൾ വിൽപനയ്ക്ക് എന്ന ഓൺലൈൻ പരസ്യമാണ് സുഖ്ബീർ എന്ന കർഷകനെ പറ്റിച്ചത്.
മാർക്കറ്റിൽ ഒരുലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരും എന്ന് തോന്നിയതോടെയാണ് കർഷകൻ ഓൺലൈനിൽ പശുവിനെ വാങ്ങാൻ തീരുമാനിച്ചത്. കർഷകൻ തന്റെ ഫോണിൽ യുട്യൂബിൽ വീഡിയോകൾ കാണുന്നതിനിടയിലാണ് പരസ്യത്തിൽ നിന്നോ മറ്റോ ഒരു നമ്പർ കിട്ടിയത്. തുടർന്ന് അദ്ദേഹം അവരുമായി ബന്ധപ്പെട്ടു. അവർ കർഷകന് പശുക്കളുടെ ചിത്രങ്ങൾ അയച്ച് കൊടുക്കുകയും ഏതാണ് വേണ്ടത് എന്നുവച്ചാൽ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഒരു പശുവിന് 35,000 രൂപയാണെന്നും എന്നാൽ 95000 രൂപയ്ക്ക് നാല് പശുവിനെ തരാം എന്നും തട്ടിപ്പുകാർ പറഞ്ഞു.
ഇത് വിശ്വസിച്ച കർഷകൻ രണ്ട് ദിവസത്തിനുള്ളിൽ നാല് തവണയായി 22000 രൂപ ഇവർക്ക് നൽകി. എന്നാൽ, പിന്നീട് സംഘത്തിന്റെ ഒരു വിവരവും ഇല്ലാതെയായി. അതോടെയാണ് താൻ കബളിക്കപ്പെട്ടെന്ന് കർഷകന് ബോധ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments