കൊച്ചി: കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ നിന്നും പാറ്റയെ പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ് പുറത്തെടുത്തത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയത്.
ശ്വസന സംബന്ധിയായ തകരാറുള്ള രോഗിക്ക് ഓക്‌സിജൻ നൽകുന്നതിനായി കഴുത്ത് തുളച്ച ഇട്ടിരുന്ന ട്യൂബിലൂടെയാവും പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. ശ്വാസനാളിയിൽ എന്തോ കയറിപ്പോയെന്ന് 55 കാരന് തോന്നിയിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് ശ്വാസതടസം നേരിട്ടു. എക്‌സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കാണാൻ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഇഎൻടി വിഭാഗം ബ്രോങ്കോസ്പി നടത്തിയതും ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തിയതും.
പിന്നീടാണ് ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിലെ മെഡിക്കൽ സംഘം രോഗിയെ പരിശോധിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട് ഏകദേശം എട്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് ശ്വാസകോശത്തിൽ നിന്ന് പാറ്റയെ പുറത്തെടുത്തത്. ഈ സമയത്തിനുള്ളിൽ പാറ്റ പൊടിയാൻ തുടങ്ങുന്ന അവസ്ഥയിലായി. നിലവിൽ 55 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.
Read Also: ഗുജറാത്ത് തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് 3300 കിലോ മയക്കുമരുന്ന്
Post Your Comments