ന്യൂഡല്‍ഹി: 25കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി. 24 മണിക്കൂറിനുള്ളിലാണ് നവദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലാണ് സംഭവം നടന്നത്.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ച മൃഗശാല സന്ദര്‍ശിക്കാന്‍ ഇറങ്ങിയപ്പോള്‍ അവസാന യാത്രയാണ് അതെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. മൃഗശാലയില്‍ വെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെ സുഹൃത്തുക്കളെ വിളിച്ച് അഭിഷേകിനെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേക്കും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ആശുപത്രിയില്‍ വെച്ച് അഭിഷേക് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗാസിയാബാദിലെ വൈശാലിയിലെ അപ്പാര്‍ട്ട്മെന്റില്‍ രാത്രി ഒമ്പത് മണിയോടെ മൃതദേഹം എത്തിച്ചു. ഭര്‍ത്താവിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ അഞ്ജലി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഉടനെ വൈശാലിയിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post Your Comments