ന്യൂഡൽഹി: ഇനി മൂന്ന് മാസം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്ത്’ പ്രക്ഷേപണം ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്. മൻ കി ബാത്തിന്റെ 110 -ാം എപ്പിസോഡാണ് ഇന്ന് നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്ന സൂചനകളും പ്രധാനമന്ത്രി ഇന്ന് നൽകി. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നത്. സർക്കാരിന്റെ നിഴലിൽ നിന്നും അകറ്റി നിർത്തി പരിപാടിയുടെ 110 എപ്പിസോഡുകൾ നടത്താനായത് വലിയ വിജയമാണ്. രാജ്യത്തിന്റെ കൂട്ടായ ശക്തിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പരിപാടി സമർപ്പിക്കുന്നത്. ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൻ കി ബാത്തിന് ഇടവേള വന്നാലും നമ്മുടെ രാജ്യം സ്വായത്തമാക്കുന്ന നേട്ടങ്ങൾക്ക് തടസമുണ്ടാകില്ല. സമൂഹത്തിലുണ്ടാകുന്ന ഓരോ നല്ല കാര്യങ്ങളും നമ്മുടെ നേട്ടങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കണം. അവയ്ക്ക് Mann Ki Baat എന്ന ഹാഷ് ടാഗ് നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Leave a Comment