മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാട് പാര്‍ട്ടിക്കുളളില്‍ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പോലും മടിക്കില്ലെന്ന സന്ദേശമാണ് പ്രധാന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. നാളെ കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് യോഗം കോണ്‍ഗ്രസും ലീഗും മാത്രം പങ്കെടുക്കുന്ന ഉഭയകക്ഷി യോഗമാക്കി മാറ്റി.
അതേസമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നാണ് കെ സി വേണുഗോപാൽ പറയുന്നത്. മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.മൂന്നാം സീറ്റിനു പകരം അടുത്ത് ഒഴിവു വരുന്ന രാജ്യസഭ സീറ്റ് നല്‍കാമെന്ന ഉറപ്പു നല്‍കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് ആയില്ല.
അതേസമയം വിഷയം വിവാദമായതോടെ മുതലെടുക്കാൻ സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. മുസ്ലീം ലീഗിന് ശക്തിക്കനുസരിച്ചുള്ള പരിഗണന യുഡിഎഫില്‍ കിട്ടുന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ പറഞ്ഞു. ഇത്രയും അപമാനം സഹിച്ച് എന്തിനാണ് ലീഗ് യുഡിഎഫിൽ തുടരുന്നതെന്ന് മന്ത്രി പി രാജീവ് ചോദിച്ചു.
Post Your Comments