ക്ഷേത്രനഗരിയായ അയോധ്യയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരു മാസത്തിനിടെ 60 ലക്ഷത്തിലധികം ഭക്തരാണ് ബാലകരാമന്റെ ദർശന പുണ്യം തേടി അയോധ്യയിൽ എത്തിയത്. ജനുവരി 22നാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. പ്രതിഷ്ഠാദിനമായ അന്ന് രാം മന്ദിർ ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചവർക്കാണ് ദർശനം അനുവദിച്ചിരുന്നത്. പിറ്റേദിവസം മുതലാണ് മുഴുവൻ ഭക്തർക്കും ദർശനാനുമതി നൽകിയത്. ആദ്യദിനം 5 ലക്ഷം സന്ദർശകരാണ് രാമക്ഷേത്രത്തിൽ എത്തിയത്. ഒരു മാസം പിന്നീടുമ്പോൾ ഭക്തരുടെ എണ്ണം 60 ലക്ഷമായാണ് ഉയർന്നത്.
ജനുവരി 22-നും ഫെബ്രുവരി 22-നും ഇടയിലുള്ള ഒരു മാസത്തിനിടെ ഏകദേശം 25 കോടി രൂപയാണ് കാണിക്കയായി ലഭിച്ചിട്ടുള്ളത്. ഈ തുകയിൽ രാമഭക്തർ സമർപ്പിച്ച ചെക്കുകളും ഡ്രാഫ്റ്റുകളും പണവും ഉൾപ്പെടുന്നുവെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് അറിയിച്ചു. സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കിരീടം, മാല, രഥം, വള, കളിപ്പാട്ടങ്ങൾ, വിളക്ക്, അമ്പും വില്ലും, വിവിധതരം പാത്രങ്ങൾ എന്നിവ ഉൾപ്പെടെ ധാരാളം വസ്തുക്കളാണ് ഭക്തർ സമർപ്പിക്കുന്നത്. കാണിക്കയായി ലഭിച്ച സ്വർണത്തിന്റെ കൃത്യമായ ഭാരം ഇതുവരെ കണക്കാക്കിയിട്ടില്ല. ഇവ ഏകദേശം പത്ത് കിലോയ്ക്കടുത്ത് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചരിത്ര പ്രസിദ്ധമായ രാമക്ഷേത്രത്തിൽ രാവിലെ 7 മണി മുതൽ രാത്രി 10 മണിവരെയാണ് ദർശനാനുമതി.
Post Your Comments