കോഴിക്കോട്: കെ കെ ശൈലജ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിക്കുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി കെ കെ രമ. വടകരയിൽ ശൈലജ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ കെ രമ പറഞ്ഞു. ശൈലജ ടീച്ചർക്ക് വടകര ലോക്‌സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് രമ വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു രമയുടെ പ്രതികരണം.
ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല. സിപിഎമ്മിന്റെ വക്താവണല്ലോ ശൈലജ ടീച്ചർ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെ കെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അതുകൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല. സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നതെന്നും രമ അഭിപ്രായപ്പെട്ടു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകി. ബുധനാഴ്ച ചേർന്ന സെക്രട്ടേറിയറ്റാണ് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ടതാണ് സിപിഎം പാനൽ.
Post Your Comments