Latest NewsIndia

യുദ്ധടാങ്കുകൾക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങൾ, ജെസിബികളും ക്രെയിനുകളും! കർഷക സമരമെന്ന പേരിൽ കലാപ ശ്രമമോ?

ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് കൂടുതൽ സന്നാഹങ്ങളോടെ ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് സമരവുമായി സമരക്കാർ മുന്നോട്ട് നീങ്ങാൻ തയാറെടുക്കുന്നത്. പൊലീസിന്റെ നിയന്ത്രണങ്ങൾ മറികടക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം കർഷക മുന്നേറ്റത്തെ നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

കോൺക്രീറ്റ് പാളികൾ, മുള്ളുവേലികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ എന്നിവ ഭരണകൂടം സമരത്തെ ഉപരോധിക്കുന്നതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കർഷകരുടെ ട്രാക്ടറുകളുടെയും ജെസിബികളുടെയും നീക്കം തടയാൻ ഹൈവേയിൽ ആണി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസിൻ്റെ ഏത് ഉപരോധത്തെയും നേരിടാനുള്ള ഒരുക്കത്തിലാണ് കർഷകരും. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.

കർഷകർ നദി മുറിച്ചുകടക്കുമെന്ന് പ്രതീക്ഷിച്ച് ട്രാക്ടറുകളെയും ട്രോളികളെയും മറ്റ് മോട്ടോർ വാഹനങ്ങളെയും തടയാൻ പോലീസ് നദിയുടെ അടിത്തട്ട് കുഴിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളും കർഷകർ ആവിഷ്കരിച്ചിട്ടുണ്ട്. പുഴയുടെ അടിത്തട്ടിൽ താത്കാലിക പാലം നിർമ്മിക്കുന്നതിനായി മണ്ണുനിറച്ച ചാക്കുകൾ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനായി കർഷകർ മണ്ണ് നിറച്ച ചാക്കുകൾ കർഷകർ ട്രോളിയിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുറഞ്ഞത് ഏഴ് ട്രോളികളിലെങ്കിലും ഇത്തരത്തിൽ ചാക്കുകൾ നിറച്ചതായാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതോടെ ആദ്യ ദിനം ശക്തമായ പ്രതിഷേധമാണ് നടന്നത്. കണ്ണീർ വാതക ഷെല്ലുകളിൽ നിന്നും റബ്ബർ പെല്ലറ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇരുമ്പ് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ ഓപ്പറേറ്റർ ക്യാബിൻ ഉൾപ്പെടെ കർഷകർ സജ്ജമാക്കിയിരിക്കുന്നു. ഇരുമ്പ് ഷീറ്റിന് മുന്നിൽ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ പെല്ലറ്റുകളും ഫലപ്രദമാകില്ലെന്നാണ് കർഷകരുടെ വിശ്വാസം. നാളെ രാവിലെ 11 മണിക്ക് ഡല്‍ഹി ലക്ഷ്യമിട്ട് നീങ്ങുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയിരുന്നു. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയിൽ വാങ്ങാനുള്ള അഞ്ചുവർഷത്തെ കരാർ എന്ന വാഗ്ദാനമാണ് കർഷക സംഘടനകൾ നിരസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button