![](/wp-content/uploads/2024/02/pradeep-212.jpg)
ഇടുക്കി: വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ മറയൂർ സ്വദേശി ലക്ഷ്മണനെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ വാങ്ങി വച്ചിട്ട് തിരിച്ചു നൽകാത്തതിന്റെ വൈരാഗ്യത്തിൽ. തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ്ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ (65) ആണ് ഇന്നലെ വൈകിട്ട് ഏഴോടെ കൊല്ലപ്പെട്ടത്. ലക്ഷ്മണന്റെ സഹോദരീപുത്രൻ അരുണിനെ (23) പോലീസ് പിടികൂടിയിരുന്നു. മറയൂർ ഗവ. ഹൈസ്കൂളിനു സമീപം ലക്ഷ്മണന്റെ വീട്ടുമുറ്റത്താണു സംഭവം. അരുണിന്റെ മൊബൈൽ ലക്ഷ്മണൻ എടുത്തു പരിശോധിച്ചതും തിരിച്ചുകൊടുക്കാൻ തയാറാവാതിരുന്നതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം.
അരുൺ അമ്മാവൻ ലക്ഷ്മണനുമായി നല്ല അടുപ്പത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. കാന്തല്ലൂർ സ്വദേശിയായ അരുൺ ലക്ഷ്മണന്റെ വീട്ടിലെത്തി ഇടയ്ക്കിടെ താമസിക്കാറുണ്ട്. ഒരു മാസം മുൻപു വീട്ടിലെത്തിയപ്പോൾ ലക്ഷ്മണൻ അരുണിന്റെ മൊബൈൽ വാങ്ങിവച്ചശേഷം തിരിച്ചു കൊടുത്തില്ല. ഇതിന്റെ പേരിൽ ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തുടർന്നു കാറിൽ വച്ചിരുന്ന വാക്കത്തി എടുത്തു കൊണ്ടുവന്ന് അരുൺ ലക്ഷ്മണനെ വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവശേഷം അരുൺ ഓടിപ്പോയി. മറയൂർ എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തിൽ പ്രതിക്കായി തിരച്ചിൽ തുടങ്ങി.ലക്ഷ്മണന്റെ ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: രാജീവ്, രാധ.
Post Your Comments