സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾക്ക് കഞ്ചാവ് ബിസിനസ്: പിടിയിലായത് എക്സൈസുകാർ വേഷം മാറിയെത്തിയപ്പോൾ

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത്‌ (36) ആണ്‌ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായത്. രണ്ടുവർഷം മുമ്പാണ് ഇയാൾക്ക് കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്.

കുമരകം ഹൈസ്കൂളിന് പിന്നിലെ റോഡിൽനിന്നാണ് കഞ്ചാവ് വില്പനയ്ക്കിടെ ഇയാളെ എക്സൈസ് പിടികൂടിയത്. വിജനമായ കുമരകം പുതിയകാവ്-വാര്യത്ത്കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടിച്ചത്.

വിൽപ്പന നടത്താൻ കഴിയുംവിധത്തിൽ ചെറുതായി ഉരുട്ടിവെച്ച കഞ്ചാവുപൊതി കണ്ടെടുത്തു. 50 ഗ്രാമിന് 2500 രൂപയിൽ കൂടുതൽ അധിക വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.

Share
Leave a Comment