ലക്‌നൗ: ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂജിച്ച പ്രധാനകല്ല് പ്രധാനമന്ത്രി ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ പ്രമോദ് കൃഷ്ണം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കാളിയായി.
കൽക്കി ധാമിലെ സന്യാസിമാർ ക്ഷേത്രത്തിന്റെ നിർദ്ദിഷ്ട രൂപം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രേമോദി തറക്കല്ലിടുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ആചാര്യ പ്രമോദ് കൃഷ്ണം അറിയിച്ചു. ആചാര്യ പ്രമോദ് കൃഷ്ണം ചെയർമാനായ ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
ക്ഷേത്ര തറക്കല്ലിടൽ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. തീർഥാടന കേന്ദ്രങ്ങൾക്കൊപ്പം രാജ്യത്തുടനീളം ഹൈടെക് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ മഹത്തായ കൽക്കി ധാമിന്റെ തറക്കല്ലിടാനുള്ള ഭാഗ്യം തനിക്കുണ്ടായി. ഇന്ത്യൻ വിശ്വാസത്തിന്റെ മറ്റൊരു മഹത്തായ കേന്ദ്രമായി കൽക്കി ധാം ഉയർന്നുവരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments