
തൃശ്ശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചു. പൂരാഘോഷങ്ങളോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താറുള്ളത്. വെടിക്കെട്ട് പൊതുദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയാണ് തള്ളിയിരിക്കുന്നത്. പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളും, തൃശ്ശൂരിലും തൃപ്പൂണിത്തുറയിലും അടുത്തിടെ ഉണ്ടായ വെടിക്കെട്ട് അപകടങ്ങളുടെ പശ്ചാത്തലവും പരിശോധിച്ച സാഹചര്യത്തിലാണ് വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്.
ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവ് പോലും വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. സമീപ കാലത്ത് ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട്, കതിന അപകടങ്ങളെക്കുറിച്ച് വിദഗ്ധസംഘം പ്രത്യേക പരിശോധന നടത്തിയിരുന്നു.
Post Your Comments