KeralaLatest NewsDevotional

ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ മുളപ്പിച്ചെടുത്ത സസ്യമായ വെറ്റില ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്തതായതിന് പിന്നിൽ

വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാര്‍വതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു.

മംഗളകര്‍മങ്ങളില്‍ ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളില്‍ ശിവനും ബ്രഹ്മാവും വസിക്കുന്നു എന്ന് പറയപ്പെടുന്നു. വെറ്റിലയുടെ ഞരമ്പുകളെല്ലാം വന്നു സംഗമിക്കുന്ന വാലറ്റത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാര്‍വതീദേവിയും ഇടതു ഭാഗത്ത് ഭൂമീദേവിയും ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. ചുരുക്കത്തില്‍ ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്മീ പ്രതീകവുമാണ് വെറ്റില.

ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ മുളപ്പിച്ചെടുത്ത ഒരു സസ്യമാണ് വെറ്റില എന്നാണ് ഐതിഹ്യം. വെറ്റില പതിവായി കഴിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീലളിതാസഹസ്രനാമത്തില്‍ ദേവിയെ താംബൂലപൂരിതമുഖി എന്നു വിശേഷിപ്പിക്കുന്നു. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായ വെറ്റില വീട്ടില്‍ നട്ടുപരിപാലിക്കുന്നതും ഉത്തമമാണ്. പ്രത്യേകിച്ചും ഭവനത്തിന്റെ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയില്‍ . വെറ്റില ചെടിയുടെ പരിസരം ശുദ്ധിയായി സൂക്ഷിക്കണം. സകാലദേവതാ സാന്നിധ്യം നിറഞ്ഞ വെറ്റില നട്ടു പരിപാലിക്കുന്നതിലൂടെ ഭവനത്തില്‍ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. എല്ലാ മാസത്തിലെയും പൗര്‍ണമി (വെളുത്തവാവ് ) ദിനത്തില്‍ പ്രധാനവാതിലിനു മുകളില്‍ വെറ്റിലകള്‍ ചേര്‍ത്ത് മാലയാക്കി തോരണമിടുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ഉത്തമമത്രേ.

ഹനുമാന്‍സ്വാമിക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് വെറ്റിലമാലകള്‍. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാര്‍ത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ശനിയാഴ്ച തോറും ഹനൂമാന്‍ ക്ഷേത്രത്തില്‍ വെറ്റിലകള്‍ സമര്‍പ്പിക്കുന്നത് ഉത്തമമാണ്. ഹനുമാന് വെറ്റിലമാല സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത് ശനിദോഷശാന്തിക്കും ആഗ്രഹസാഫല്യത്തിനും തൊഴില്‍ക്ലേശപരിഹാരത്തിനും ഉത്തമമാണ്.

മംഗളകര്‍മ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ വാസസ്ഥലമായ വെറ്റിലയുടെ അഗ്രഭാഗം തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിച്ചു വയ്ക്കരുത്. മംഗളകര്‍മ്മത്തിനായി കൊണ്ടുവരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കണം.വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല. വിവാഹമംഗളാവസരങ്ങളില്‍ വധൂവരന്മാര്‍ മുതിര്‍ന്നവര്‍ക്ക് വെറ്റിലയില്‍ പാക്കും നാണയത്തുട്ടും വച്ച് ദക്ഷിണനല്‍കി അനുഗ്രഹം വാങ്ങുന്നത് ഒരു പ്രധാന ചടങ്ങാണ്.ഈശ്വരാധീനത്തോടെ ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബജീവിതം ലഭിക്കാന്‍ വേണ്ടിയാണ് ഈ ചടങ്ങ്. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെവരത്തക്കവിധമായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button