ദളിതരുടെ വഴിയടച്ച് നിർമ്മിച്ച തമിഴ്നാട്ടിലെ അയിത്ത മതിൽ പൊളിച്ചു നീക്കി അധികൃതർ. അവിനാശി താലൂക്കിലെ സേവൂർ ഗ്രാമത്തിലെ അയിത്ത മതിലാണ് റവന്യൂ വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടർന്നാണ് മതിൽ പൊളിക്കാൻ ഉത്തരവായത്. പതിറ്റാണ്ടുകളായി ദളിത് വിഭാഗങ്ങളിലുള്ള ആളുകൾ താമസിക്കുന്ന ഗ്രാമമാണ് സേവൂർ. ഇവിടെയുള്ള വിഐപി നഗറിൽ സവർണ വിഭാഗം ഭൂമി വാങ്ങി താമസം തുടങ്ങിയതോടെയാണ് ഇരുവിഭാഗങ്ങളെയും വേർതിരിക്കുന്നതിനായി അയിത്ത മതിൽ നിർമ്മിച്ചത്.
ദളിതരുടെ വഴിമുടക്കിയാണ് സവർണർ പടുകൂറ്റൻ മതിൽ പണിതുയർത്തിയത്. ഇതോടെ, ദളിതർക്ക് പൊതുവഴിയിൽ എത്താൻ ഏകദേശം രണ്ട് കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തിരുപ്പൂരിലെത്തിയ കനിമൊഴിയോട് പ്രദേശവാസികൾ പരാതി പറയുകയായിരുന്നു. തുടർന്ന്, കനിമൊഴി ജില്ലാ കലക്ടർ ടി. ക്രിസ്തുരാജിനെ ബന്ധപ്പെടുകയും, മതിൽ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി. ശേഷിക്കുന്ന ഭാഗം ഉടൻ തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്. ബുൾഡോസർ ഉപയോഗിച്ചാണ് മതിൽ പൊളിച്ചു നീക്കിയത്.
Also Read: മരട് കൊട്ടാരം ക്ഷേത്രം: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി ജില്ലാ കലക്ടർ
Post Your Comments