മരട് കൊട്ടാരം ക്ഷേത്രം: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി ജില്ലാ കലക്ടർ

പോലീസ്, റവന്യൂ, അഗ്നി രക്ഷാസേന എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി

കൊച്ചി: എറണാകുളം മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് നൽകിയ അപേക്ഷ തള്ളി. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പോലീസ്, റവന്യൂ, അഗ്നി രക്ഷാസേന എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ഫെബ്രുവരി 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങളുടെ വെടിക്കെട്ടാണ് നടത്താറുള്ളത്. വെടിക്കെട്ടിന് വേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും, മരട് തെക്കേ ചേരുവാരവും, മരട് വടക്കേ ചേരുവാരവും, മരട് എൻഎസ്എസ് കരയോഗവും സംയുക്തമായാണ് നിവേദനം നൽകിയത്. എന്നാൽ, തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരു വിഭാഗങ്ങളുടെയും അപേക്ഷ തള്ളുകയായിരുന്നു.

Also Read: ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം, ഒരാൾ കസ്റ്റഡിയിൽ

മരട് വെടിക്കെട്ട് നടത്തുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം കഴിഞ്ഞ നവകേരള സദസ്സിൽ സമർപ്പിച്ചിരുന്നു. അതേസമയം, വെടിക്കെട്ട് പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും, ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇതിനകം തന്നെ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment